അജ്മാൻ നാടകോത്സവ സമാപനസമ്മേളനം ശിവജി ഗുരുവായൂർ ഉദ്ഘാടനംചെയ്യുന്നു
അജ്മാൻ : എൻസമ്പിൾ തിയേറ്ററിന്റെ സഹകരണത്തോടെ അജ്മാൻ സോഷ്യൽ സെന്ററിൽ നടന്ന നാടകോത്സവം സമാപിച്ചു. സമാപനസമ്മേളനം നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനംചെയ്തു. അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സ്മരണാർഥം അവതരിപ്പിച്ച നാടകങ്ങളിൽ ചമയം തിയേറ്റർ ഷാർജ അവതരിപ്പിച്ച കൂമൻ മികച്ച നാടകമായി തിരഞ്ഞെടുത്തു. അൽഖൂസ് തിയേറ്ററിന്റെ വില്ലേജ് ന്യൂസ് എന്ന നാടകത്തിനാണ് രണ്ടാംസ്ഥാനം. മികച്ച സംവിധായകൻ പ്രകാശ് തച്ചങ്ങാട് (കൂമൻ), മികച്ച നടൻ നൗഷാദ് ഹസൻ, മികച്ച നടി ശീതൾ ചന്ദ്രൻ എന്നിവരാണ്. സോണിയ ജി (വില്ലേജ് ന്യൂസ്) ജൂറിയുടെ പ്രത്യേകപരാമർശം നേടി. സാജിദ് കൊടിഞ്ഞി (പത്താം ഭവനം), ദിവ്യാ ബാബുരാജ് (ആരാണ് കള്ളൻ), ബാലതാരം അതുല്യ രാജ്, അസ്കർ (വെളിച്ചം), ശ്രീജിത്ത് (രംഗസജ്ജീകരണം), ഗോകുൽ അയ്യന്തോൾ (ചമയം), ഷെഫി അഹമ്മദ്, മനോരഞ്ജൻ (പശ്ചാത്തലസംഗീതം) എന്നിവരും പ്രത്യേക പുരസ്കാരങ്ങൾ നേടി. സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്. സമാപനസമ്മേളനത്തിൽവെച്ച് കാഷ് അവാർഡ്, പ്രശസ്തിപത്രം, നിസാർ ഇബ്രാഹിം രൂപകല്പനചെയ്ത ശില്പം എന്നിവയും സമ്മാനിച്ചു. വാസൻ പുത്തൂർ, രാജു പൊടിയാൻ, സുജികുമാർ പിള്ള, ഗിരീശൻ എന്നിവർ സംസാരിച്ചു.