ചെന്നൈ : പൂജയിൽ പങ്കെടുക്കാൻ ആശ്രമത്തിലെത്തിയ കോളേജ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ ആൾദൈവത്തെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ ജില്ലയിലെ വെള്ളാത്തുക്കോട്ടയിൽ ആശ്രമം നടത്തിയിരുന്ന മുനുസാമിയാണ് (50) പിടിയിലായത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ആശ്രമത്തിലെത്തിയ തിരുവള്ളൂർ ചെമ്പേട് സ്വദേശിയായ ഹേമമാലിനി (20) വിഷം ഉള്ളിൽച്ചെന്ന് മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന യുവതി ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം മരിച്ചത്. ആൾദൈവമാണെന്ന് അവകാശപ്പെട്ട് മന്ത്രവാദവും നാട്ടുവൈദ്യവും നടത്തിയിരുന്ന മുനുസാമിയുടെ ആശ്രമത്തിൽ ഒട്ടേറെ ഭക്തർ എത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളില്ലാത്തവരും വിവാഹം വൈകുന്നവരും മാറാരോഗികളുമൊക്കെ പരിഹാരപൂജകൾക്കായി ആശ്രമത്തിലെത്താറുണ്ടായിരുന്നു.
അമാവാസി, പൗർണമി ദിവസങ്ങളിൽ രാത്രിയിലാണ് ഇവിടെ കൂടുതലും പൂജകൾ നടത്തിയിരുന്നത്. ദോഷംമാറാൻ രാത്രിപൂജയിൽ പങ്കെടുക്കാനാണ് ഹേമമാലിനി ബന്ധുക്കളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച ആശ്രമത്തിലെത്തിയതെന്ന് പറയപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കീടനാശിനി കഴിച്ചത് കണ്ടെത്തിയത്. വിദഗ്ദ ചികിത്സയ്ക്കായി തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഹേമമാലിനിയുടെ മാതാപിതാക്കൾ പെണ്ണാലൂർപേട്ട പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് ആശ്രമം നടത്തുന്ന മുനുസാമിയെ പിടികൂടുകയായിരുന്നു.
ഇയാൾക്കെതിരേ മുമ്പ് കാര്യമായ പരാതികളൊന്നും ഉയർന്നിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുവതിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.