ബെംഗളൂരു : ഹിജാബ് വിലക്ക് തുടരുന്നതിനിടെ കർണാടകത്തിലെ വിജയപുരയിൽ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാർഥിയെ കോളേജിൽ പ്രവേശിക്കുന്നത് തടഞ്ഞു.
വിജയപുര ഇന്ദിയിലുള്ള ഗവ.പി.യു.സി. കോളേജിലാണ് വിദ്യാർഥി കുറിയണിഞ്ഞെത്തിയത്. കുറി മായ്ച്ചുകളയാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നതും മറ്റും തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അവർ ചൂണ്ടിക്കാട്ടി. കുറി മായ്ക്കാൻ തയ്യാറാകാതിരുന്ന വിദ്യാർഥിയോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
വിദ്യാർഥിയെ തടഞ്ഞതിനെതിരേ കോളേജിനുമുമ്പിൽ ബജരംഗ്‌ദൾ പ്രവർത്തകരെത്തി പ്രതിഷേധിച്ചു. കോളേജ് അധികൃതർക്കും അധ്യാപകർക്കുമെതിരേ മുദ്രാവാക്യം മുഴക്കി. അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു.
സിന്ദൂരം മതത്തിന്റെ സംസ്കാരമല്ലെന്നും ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.