
ഇന്ത്യാവിരുദ്ധ നിലപാടുകളുടെ പേരിൽ അറിയപ്പെടുന്ന ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ആരംഭിച്ച കലാപവും തെരുവുയുദ്ധവും തുടരുകയാണ്. ഡിസംബർ 12-ന് തലസ്ഥാനമായ ധാക്കയിലെ ബിജോയ് നഗർ മേഖലയിൽ തിരഞ്ഞടുപ്പു പ്രചാരണം നടത്തുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ അദ്ദേഹത്തിന്റെ തല്ക്കുനേരെ നിറയൊഴിച്ച് കടന്നു കളയുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ വിദഗ്ധചികിത്സയ്ക്കായി അദ്ദേഹത്തെ സിംഗപ്പുരിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം അദ്ദേഹം മരിച്ച വാർത്ത പുറത്തെത്തിയതോടെ രാജ്യമെങ്ങും കലാപം പടരുകയായിരുന്നു.
ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കലാപകാരികൾ പരക്കെ അക്രമം അഴിച്ചുവിട്ടു. രാജ്ശാഹി, ഖുൽന, ഛത്തോഗ്രാം എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് നേരെ ആക്രമണമുണ്ടായി. ഛത്തോഗ്രാമിൽ അസിസ്റ്റന്റ് ഹൈക്കകമ്മിഷന് നേർക്കും കല്ലേറുണ്ടായി. തുടർന്ന് രാജ്ശാഹിയിലും ഖുൽനയിലുമുള്ള വിസാ അപേക്ഷാകേന്ദ്രങ്ങൾ തൽക്കാലത്തേക്ക് അടച്ചിടേണ്ടി വന്നു. ഇന്ത്യൻ ഹൈമ്മിഷൻ അടച്ചുപൂട്ടണമെന്ന് ചില തീവ്രവാദക്കാരായ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയുംവേഗം മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യ വിട്ടുകൊടുക്കണമെന്ന് കലാപകാരികൾ ആവശ്യപ്പെടുന്നു. മൈമൻസിംഗ് നഗരത്തിൽ ദീപു ചന്ദ്രദാസ് എന്ന 25-കാരനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു, മരത്തിൽ കെട്ടിത്തൂക്കിയിട്ട് തീകൊളുത്തി. അതിന്റെ വിഡിയോദൃശ്യങ്ങൾ ഇന്ത്യയിൽ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ പ്രഥം ആലോ, ഡെയിലി സ്റ്റാർ എന്നീ ജനപ്രിയ വർത്തമാനപത്രങ്ങളുടെ ഓഫീസുകൾ കലാപകാരികൾ നശിപ്പിച്ചു. ജീവനക്കാരെ അകത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീവെപ്പ്. പോലീസ് കാഴ്ചക്കാരായി നിന്നു, പട്ടാളം എത്തിയ ശേഷമാണ് അവരെ രക്ഷിക്കാനായത്. രാഷ്ട്രപിതാവായ മുജീബുർ റഹ്‌മാന്റെ വസതിയും സ്മാരകവുമൊക്കെ ആക്രമിക്കപ്പെട്ടവയിൽ പെടും. ഹാദിയുടെ മരണം പുറംലോകം അറിഞ്ഞ് മണിക്കൂറുകൾക്കകം രാജ്യത്തെ വിവിധഭാഗങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കരുതുന്നവർ കുറവല്ല.
ഹാദിയും തിരഞ്ഞെടുപ്പും ഇന്ത്യാവിരുദ്ധതയും
2024 ഓഗസ്റ്റ് അഞ്ചിനാണ് നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാലസർക്കാർ നിലവിൽ വന്നത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്ന യൂനുസ് തിരഞ്ഞെടുപ്പ് കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനും അധികാരത്തിൽ തുടരാനും ശ്രമിച്ചു. കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് 2026 ഫെബ്രുവരി 12ന് തിരഞ്ഞെടുപ്പിന് തീരുമാനിച്ചത്. അധികാരത്തിൽ നിന്നിറങ്ങാൻ അദ്ദേഹത്തിന് താൽപ്പര്യമില്ല, അദ്ദേഹത്തിന്റെ യജമാനൻമാരായ സിഐഎക്കും യൂനുസ് മാറണമെന്നില്ല. പാകിസ്താന്റെ കാര്യത്തിലും ഏറെക്കുറെ സമാനമാണ് കാര്യങ്ങൾ. പാകിസ്താനെ പിന്തുണയ്ക്കുന്ന ഇസ്ലാമിസ്റ്റ് കക്ഷികൾക്കും ജമാ അത്തെ ഇസ്ലാമിക്കും വളരെ സ്വാധീനമുണ്ട് യൂനുസ് സർക്കാരിൽ. അതിനാൽ തിരഞ്ഞെടുപ്പു നടത്തി മിതവാദികളുടെ സർക്കാർ അധികാരത്തിലേറണമെന്ന താൽപ്പര്യം പാകിസ്താനില്ല.

തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉദ്ദേശിച്ചിരുന്ന ഹാദിക്ക് പ്രചാരണത്തിനിടെ ആയിരുന്നു വെടിയേറ്റത്. ഇലക്ട്രിക് റിക്ഷയിൽ യാത്ര ചെയ്യുമ്പോൾ മോട്ടോർസൈക്കിളിൽ വന്ന മുഖംമൂടി സംഘം വെടിവെച്ചത് പാകിസ്താനിലെ അജ്ഞാതർ ഇന്ത്യാവിരുദ്ധരായ തീവ്രവാദികളെ വധിക്കുന്ന മട്ടിലായിരുന്നു. അത് കൊലപാതകം ഇന്ത്യയുടെ മേൽ വെച്ചുകെട്ടാൻ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചു. (സമീപകാലത്ത് അജ്ഞാതരുടെ ആക്രമണത്തിൽ അമേരിക്കൻ, തുർക്കി, പാകിസ്താനി പൗരൻമാരടക്കം മുപ്പതു പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.) യഥാർത്ഥ കൊലപാതകിയുടെ വിവരങ്ങൾ പിന്നീടു പുറത്തുവന്നു. ഫൈസൽ കരീം എന്നയാളാണ്രേത വെടിയുതിർത്തത്. രാജ്യത്തെ ഇളക്കിമറിക്കുന്ന ഒരു കാര്യം നടക്കാൻ പോവുന്നതായി അയാൾ നേരത്തേ കാമുകിയോടു പറഞ്ഞെന്ന് മാധ്യമങ്ങൾ പറയുന്നു. കാമുകിയും ഭാര്യയും ചില കുടുംബാംഗങ്ങളുമൊക്കെ പോലീസിന്റെ പിടിയിലാണ്. ഫൈസലിനെ കിട്ടിയിട്ടില്ല. അയാളും കൂട്ടുപ്രതികളും ഇന്ത്യയിലേക്കു രക്ഷപ്പെട്ടുവെന്നാണ് ഇന്ത്യാവിരുദ്ധർ ആരോപിക്കുന്നത്.
ഇങ്കുലാബ് മൊഞ്ചോ എന്ന തീവ്രനിലപാടുകളുള്ള പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു 32-കാരനായ ഹാദി. ഹസീന സർക്കാരിനെ തൂത്തെറിഞ്ഞ സമരപരമ്പരകളിൽ സജീവമായി പങ്കെടുത്ത അയാൾ ഇന്ത്യക്കെതിരായ ചില പ്രസ്താവനകളിലൂടെ ലോകശ്രദ്ധയാകർഷിച്ചു. കഴിഞ്ഞ സെപ്തംബറിൽ ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിന് ഇന്ത്യയാണ് കാരണക്കാർ എന്ന് അയാൾ ആരോപിച്ചിരുന്നു. ദേവ്ബന്ദി മദ്രസകളും തീവ്രവാദസംഘടനകളുമായും ഹാദിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ത്യയുടെ 'ആധിപത്യത്തിനെതിരെ' ഹാദി നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സമീപകാലത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കൂടി ഉൾപ്പെടുത്തിയ 'മഹാബംഗ്ലാദേശി'ന്റെ ഭൂപടം ഹാദി പ്രദർശിപ്പിച്ചു. ഹസീനയുടെ കടുത്ത വിമർശകനായിരുന്ന അയാൾ അവരുടെ പാർട്ടിയായ അവാമി ലീഗിനെ തകർക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ നിന്നു. അതിന് പ്രതികാരമായി അവാമി ലീഗ് ഏർപ്പെടുത്തിയവരാണ് കൊലപാതകികൾ എന്നും ആരോപണമുണ്ട്.
സ്റ്റോക്ക്ഹോം സിൻഡ്രോം, ഐഎസ്ഐ, യൂനുസ്
ബംഗ്ലാദേശിനെ വീണ്ടും കിഴക്കൻ പാകിസ്താൻ ആക്കാനുള്ള പാക് ശ്രമങ്ങൾക്ക് നിന്നു കൊടുക്കുകയാണ് യൂനുസും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ജമാഅത്ത് ഇസ്ലാമിയും എന്നും ചില നിരീക്ഷണങ്ങളുണ്ട്. ബംഗ്ലാദേശ് വിമോചനത്തിനു മുമ്പ് ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന പേരിൽ കുപ്രസിദ്ധമായ നരവേട്ടയിലൂടെ പാക് പട്ടാളവും അവരുടെ കൂട്ടാളികളും ചേർന്ന് നിഷ്ഠൂരമായി കൊന്നത് 30 ലക്ഷം പേരെയാണ്, ബലാൽസംഗത്തിനിരയായത് രണ്ടു ലക്ഷത്തിനും നാലു ലക്ഷത്തിനും ഇടയ്ക്ക് സ്ത്രീകളും. അന്ന് ഇന്ത്യയുടെ സഹായത്തോടെ പാകിസ്താനെ പരാജയപ്പെടുത്തിയ മുബീബുർ റഹ്‌മാൻ ഇപ്പോൾ രാജ്യത്ത് അനഭിമതനായിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിമകൾ ആക്രമിക്കപ്പെടുന്നത് ലോകം കണ്ടതാണ്. പക്ഷേ, ഇപ്പോഴത്തെ ഭരണാധികാരികളും വലിയൊരു വിഭാഗം ജനങ്ങളും പാകിസ്താനുമായുള്ള ബന്ധം പഴയ നിലയിലാക്കാൻ ആഗ്രഹിക്കുന്നു, സ്റ്റോക്ക്ഹോം സിൻഡ്രോമിന്റെ ലക്ഷണമൊത്ത ഉദാഹരണം. വിമോചനയുദ്ധത്തിന്റെ സ്മരണകൾ പോലും മായ്ച്ചു കളയാനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ ഭരണക്കാർ.
ഈ സാഹചര്യം പാകിസ്താൻ നന്നായി മുതലെടുക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ആത്മവീര്യം തകർന്ന പാക് പട്ടാളവും ഐഎസ്ഐയും ഭീകരസംഘടനകളും ബംഗ്ലാദേശിനെ ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് വടക്കുകിഴക്കൻ ഭാഗത്തെ പ്രകോപനങ്ങൾ. ഇന്ത്യൻ പട്ടാളത്തിന്റെ ശ്രദ്ധ വടക്കു കിഴക്ക് ഭാഗത്തേക്ക് കേന്ദ്രീകരിച്ചാൽ കശ്മീരിലും നിയന്ത്രണരേഖയിലും സന്നാഹങ്ങൾ കുറയുമെന്ന് പാകിസ്താൻ മനക്കോട്ട കെട്ടുന്നു. ഇന്ത്യാവിരുദ്ധ വികാരം ബംഗ്ലാദേശിൽ വളർത്താൻ ഐഎസ്ഐ അത്യദ്ധ്വാനം ചെയ്യുന്നുണ്ട്, അതിനായി ധാക്കയിലെ പാക് ഹൈക്കമ്മിഷനിൽ പ്രത്യേകവിഭാഗം പ്രവർത്തിക്കുന്നുണ്ടത്രെ. ജനങ്ങളെ വലിയതോതിൽ ഭീകരവാദത്തിലേക്ക് എത്തിക്കാനും ശ്രമം നടക്കുന്നു.
അസ്ഥിരമായ ബംഗ്ലാദേശ് ചൈനയ്ക്കും സന്തോഷമുള്ള കാര്യമാണ്. ബെൽറ്റ്- റോഡ് സംരംഭത്തിലും വായ്പയായും അവിടെ മുടക്കിയ നൂറുകണക്കിന് കോടി ഡോളറുകൾ എങ്ങനെ സംരക്ഷിക്കണമെന്ന് അവർക്കറിയാം. നിലവിലെ സാഹചര്യം മുതലെടുത്ത് മോംഗ്ല തുറമുഖം വികസിപ്പിക്കാനും പോർവിമാനങ്ങൾ ബംഗ്ലാദേശിനു വിൽക്കാനും അവർ കരാറുണ്ടാക്കി. ഇന്ത്യക്ക് പരമ്പരാഗതമായി വലിയ സ്വാധീനമുള്ള ബംഗാൾ ഉൾക്കടൽ മേഖലയിലാണ് ഈ അമേരിക്ക- ചൈന കിടമത്സരം അശാന്തി വിതയ്ക്കുന്നത്. ഹസീനയുടെ കാലത്ത് ഉറ്റ സൗഹൃദമുണ്ടായിരുന്ന ബംഗ്ലാദേശ് ന്യൂഡൽഹി കേന്ദ്രീകൃതമായ നയങ്ങളിൽ നിന്നും മാറി ഇസ്ലാമാബാദ് ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കുകയാണ്. (ഈ അശാന്തിയുടെയും ദുരിതത്തിന്റെയും വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരായ ബംഗ്ലാദേശികളാണ്, നാശനഷ്ടങ്ങൾ സഹിക്കുന്നത് ബംഗ്ലാദേശാണ് എന്നത് ശ്രദ്ധിക്കപ്പെടാതെ പോവുന്നു.)
യൂനുസ് അധികാരത്തിൽ വന്നിട്ട് ബംഗ്ലാദേശിൽ ഗുണകരമായ എന്തെങ്കിലും മാറ്റമുണ്ടായോ എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. പ്രതീക്ഷ പകരുന്ന എന്തെങ്കിലും കാഴ്ചപ്പാട് മുന്നിൽ വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം മറിച്ചല്ല. രാജ്യത്തെ വസ്ത്രവ്യവസായവും കയറ്റുമതിമേഖലയും മിക്കവാറും തകർന്നു. രാജ്യത്ത് നിക്ഷേപം നടത്തിയവർ തകർന്ന ക്രമസമാധാനം കാരണം ആശങ്കയിലാണ്. രാജ്യത്ത് സാധാരണനില പുനസ്ഥാപിക്കാൻ യൂനുസ് സർക്കാരിനായില്ലെന്നു മാത്രമല്ല, കൂടുതൽ വഷളാവുകയും ചെയ്തു. ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പു നടത്താനായാലും സമാധാനം തിരിച്ചുപിടിക്കുക രാജ്യത്തിന് എളുപ്പമല്ല. തീവ്രവാദത്തിന് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന യൂനുസ് തന്നെയാണ് ഏറ്റവും വലിയ പ്രതിബന്ധം. ഹാദിയുടെ മരണത്തിൽ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച മുഖ്യ ഉപദേഷ്ടാവ് പതിനായിരങ്ങൾ പങ്കെടുത്ത അയാളുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു!
ഇന്ത്യയുടെ ധർമ്മസങ്കടവും മുൻകരുതലും
ഒരുപക്ഷേ, എങ്ങനെയും ഇന്ത്യയെ കളത്തിലിറക്കാനുള്ള കളിയാണോ ബംഗ്ലാദേശ് കളിക്കുന്നത്? ഇന്ത്യയുടെ കോൺസുലേറ്റുകൾ ആക്രമിച്ചതും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ പെരുകുന്നതുമൊക്കെ രാജ്യത്ത് ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയെടുക്കാൻ സമ്മർദ്ദം വർധിപ്പിക്കുന്നതാണ്. ഡിസംബർ 15-ന് ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് നാവികസേനയുടെ കപ്പൽ ഇന്ത്യൻ ട്രോളറിലിടിച്ച് അഞ്ച് മുക്കുവരെ കാണാതായതും (ഇതിൽ രണ്ടുപേരുടെ മൃതദേഹം കിട്ടി) ഇന്ത്യയ്ക്കു മേൽ സമ്മർദ്ദമേറ്റിയിരുന്നു. പക്ഷേ, അങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ അവകാശവാദം. അങ്ങനെ നേരിട്ടിടപെടാൻ ഇന്ത്യ തയ്യാറായാൽ അതിന്റെ പേരിൽ രാജ്യത്തെ ഒറ്റപ്പെടുത്താനും സമ്മർദ്ദം ചെലുത്തി നിലപാടുകളിൽ മാറ്റം വരുത്തിക്കാനും അമേരിക്കയ്ക്കാവും.
പക്ഷേ, ഇന്ത്യയ്ക്ക് സംയമനം പാലിക്കാതെ നിവൃത്തിയില്ല. അവിടെ വലിയൊരു പ്രശ്നമുണ്ടായാൽ അതിന്റെ ദുരിതങ്ങൾ ഇന്ത്യയിലേക്കു പടരാതെ നിവൃത്തിയില്ല. നാലായിരം കിലോമീറ്റിലധികമാണ് ഇരുരാജ്യങ്ങൾക്കും ഇടയ്ക്കുള്ള അതിർത്തി. എങ്കിലും ചില മുൻകതലുകളെടുക്കാതിരിക്കാൻ ഇന്ത്യയ്ക്കാവില്ല. നോർത്ത് ഈസ്റ്റിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴി അഥവാ കോഴിക്കഴുത്തിന് ചുറ്റും മൂന്നിടങ്ങളിൽ- ആസാമിലെ ധൂബ്രി, ബീഹാറിലെ കിഷൻഗഞ്ച്, പശ്ചിമബംഗാളിലെ ചോപ്ര- മൂന്നു പട്ടാള കേന്ദ്രങ്ങൾ ഉണ്ടാക്കിയത് ഉദാഹരണം. (നാലാമതൊന്നും ആലോചനയിലുണ്ടെന്ന് വിവരമുണ്ട്.) പോർവിമാനങ്ങളും ബ്രഹ്‌മോസ് മിസൈലുകളും എസ്- 400 വ്യോമപ്രതിരോധ സംവിധാനങ്ങളും ഇപ്പോൾതന്നെ മേഖലയിലുണ്ട്. ഇവയെ അടിയന്തിരമായി വിന്യസിക്കാനുമാവും. ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡ് മേധാവി ലഫ് ജനറൽ ആർ.സി തിവാരി, മിസോറാം, ത്രിപുര മേഖലകളിലെ ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തിയത് കഴിഞ്ഞ ദിവസമാണ്. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തം.
ABOUT THE AUTHOR
Related Topics
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
More from this section
Most Read

Most Commented